2014, ഏപ്രിൽ 2, ബുധനാഴ്‌ച

വണ്ടിക്കാള

ഒരു വണ്ടിക്കാള പുറപ്പെട്ടിട്ടുണ്ട്‌,

കന്നുപൂട്ടിന്റെ ക്ഷീണമൊരകമ്പടിയായ്‌ കൂടെയുണ്ട്‌!

ഉമ്മറത്തിണ്ണയിൽ കാത്തിരിക്കുന്ന ,
വിശപ്പു നിഴലിക്കുന്ന കണ്ണുകൾ മാത്രമാണൂന്നുവടി!

തമ്പ്രാന്റെ കള്ളനാഴിക്കണക്കറിയാത്ത ,

കുടിയിലെ കണ്ണുകൾ,

പട്ടിണിയുടെ ആവർത്തനത്തിൽ ,

സ്വപനത്തിലന്നും കന്നുപൂട്ടുമാത്രം!!

കളഞ്ഞുപോയ സ്വപ്‌നങ്ങള്‍

അമാവാസിയിൽ കളഞ്ഞുപോയ
കുറച്ചു സ്വപ്നങ്ങളുണ്ട്‌,
പൗർണ്ണമിയിൽ തിരയുന്നുണ്ടുഞ്ഞാൻ
തിരികെവരാതിരിക്കില്ല!

നിലാവിനുപകരം റാന്തൽ തൂക്കി
സ്വപ്നങ്ങളെ പറ്റിക്കാനായില്ല,

അവക്കു കൂർമ്മബുദ്ധിയാണു!

ഓരോ പൗർണ്ണമിയിലും കാത്തിരിപ്പാണു

സപ്തവർണ്ണങ്ങൾ സൗന്ദര്യംചാർത്തിയ,
പുത്തനുടുപ്പിട്ടെന്റെ
സ്വപ്നങ്ങൾ
വരുന്നതും നോക്കി!!

കറുപ്പും വെളുപ്പും

അന്നുരാത്രി,തോരാതെ പെയ്ത മഴയില്‍
കഴുകിയൊലിച്ചുപോയതു
നമ്മുടെ പാപങ്ങളല്ല!

പാവം ,മൂകസാക്ഷിയാം ഇരുട്ടിന്‍റെ 
കറുപ്പാണ്!

വെളുക്കെച്ചിരിക്കുന്ന പകലിന്റെ-
ആഴത്തില്‍
തിരിച്ചറിയാതെപോയ
വെളുപ്പിന്റെ ശാപം

ഇനിയുമൊരു കുത്തൊഴുക്കില്‍
വന്നുചേരാനിരിക്കുന്ന
കറുപ്പിന്‍റെ
കണക്കെടുക്കലാണിനിയുള്ള
ദിനങ്ങള്‍

ഒരു വേനലില്‍ കരിഞ്ഞുണങ്ങി -
ത്തീരും വരെയുള്ള കണക്കെടുപ്പ്!

നഷ്ടപ്പെട്ട നീലാംബരി

നഷ്ടപ്പെട്ട നീലാംബരി ...

വീണ്ടും വീണ്ടും വായിക്കാന്‍ കൊതിക്കുന്ന അല്ലെങ്കില്‍ കൊതിപ്പിക്കുന്ന കഥ....
.ലെനിന്‍ രാജേന്ദ്രന്റെ `മഴ`യായ് മനസ്സില്‍ പതിഞ്ഞ കഥ..

ഓരോ വായനയിലും ശാസ്ത്രികളെ നഷ്ടപ്പെട്ടത് വായനക്കാരിക്കാണെന്ന് തോന്നിപ്പിക്കുന്ന വശ്യ മനോഹരമായ കഥ...

അപ്രാപ്യമായ എന്തോ അല്ലെങ്കില്‍ ആരോ എവിടെയോ ഉണ്ടെന്നു നോവിച്ചു പറയുന്ന കഥ...

ഓരോ കഥകളും വായിക്കുമ്പോള്‍ കഥാപാത്രങ്ങളോട്
നമുക്ക് തോന്നുന്ന സഹതാപം,ഇഷ്ടം ,ഇതൊന്നും

യഥാര്‍ത്ഥജീവിതത്തില്‍ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരോട് ഇല്ലെന്നുള്ളത്
ഒരു വിരോധാഭാസം !

മാധവിക്കുട്ടിക്ക് എന്റെ സ്നേഹം .....

ഒരു പെണ്ണിന്‍റെ മോഹം

തുള്ളാതെടി പെണ്ണെ ,തുള്ളാതെടി -
യെന്നു നാണിത്തള്ള
ചൊല്ലിയന്നുതുടങ്ങി-
യൊന്നുറഞ്ഞുതുള്ളാനൊരു മോഹം!

പയ്യെ പറയെടി പയ്യെ-

യെന്നുനേരാങ്ങള അലറി
ചൊല്ലിയന്നുതുടങ്ങി
ദിഗന്തങ്ങള്‍ മുഴങ്ങുമാ
റലറണമെന്നു മോഹം!

പെണ്ണെ മരത്തില്‍ കയറാതെടി
യെന്നുചൊല്ലിയില്ലമ്മ-

യെന്നാലുമാ മൂവാണ്ടന്‍
മാവിന്നുച്ചിയില്‍
കയറിയുച്ചന്റെ തലയില്‍
മൂത്തമാങ്ങയൊന്നു

പറിച്ചുടക്കണമെന്നു മോഹം!

മോഹങ്ങളെല്ലാമടക്കി
വെച്ചൊരുന്നാള്‍
മോഹിക്കാത്ത വേദനയായ്
പുറത്തു വന്നു!

എല്ലാരും ചൊല്ലിയന്നവളുടെ
മോഹങ്ങളെല്ലാം പൂവണിഞെന്ന്!

പുസ്തകത്താളിലെ പ്രസവം

എന്റെ മയിൽപ്പീലിപ്പെണ്ണേ 
നാണമാകുന്നില്ലേ 
നിന്റെ പേറ്റുനോവിങ്ങനെ
കഥകളായും കവിതകളായും
നാട്ടിൽ പാട്ടാകുംബോൾ?
അതോ നിനക്കുമൊരു
'കളിമണ്ണിൽ ' കണ്ണുണ്ടോ?!

കള്ളം

ഈ കൂറ്റാക്കൂറ്റിരുട്ടില്‍ 
ഒരു വെളിച്ചക്കീറു
നിന്‍റെ കള്ളം പൊളിയാന്‍ !